നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

പോകാൻ ഒരുക്കമാണ്

കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2020 നവംബർ 27-ന്, എന്റെ തൊണ്ണൂറ്റഞ്ചുകാരിയായ അമ്മ ബീ ക്രൗഡറും ആ ഗണത്തിൽ ചേർന്നു - അമ്മ പക്ഷേ കോവിഡ്-19 ബാധിച്ചായിരുന്നില്ല മരിച്ചത്. മറ്റ് പല കുടുംബങ്ങളെയും പോലെ, അമ്മയെ സ്മരിക്കാനോ അവളുടെ ജീവിതത്തെ ബഹുമാനിക്കാനോ പരസ്പരം ധൈര്യപ്പെടുത്താനോ ഞങ്ങൾക്ക് ഒത്തുകൂടാൻ കഴിഞ്ഞില്ല. അതിനുപകരം, അവളുടെ സ്‌നേഹനിർഭരമായ സ്വാധീനം ആഘോഷിക്കാൻ ഞങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു. ദൈവം അവളെ വീട്ടിലേക്ക് വിളിച്ചാൽ, അവൾ പോകാൻ തയ്യാറാണ്, അല്ലെങ്കിൽ അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന അവളുടെ നിർബന്ധത്തെ ഓർത്തുകൊണ്ട് ഞങ്ങൾ വലിയ ആശ്വാസം പ്രാപിച്ചു. അമ്മയുടെ ജീവിതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമായ ആ ആത്മവിശ്വാസത്തോടെയാണ് അവൾ മരണത്തെ അഭിമുഖീകരിച്ചതും.

അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് പൗലൊസ് എഴുതി, ''എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്. . . . ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം'' (ഫിലിപ്പിയർ 1:21, 23-24). ഇവിടെ വസിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ന്യായമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, പൗലൊസ് ക്രിസ്തുവിനോടൊപ്പം വസിക്കുന്നതിനായി തന്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

അത്തരം ആത്മവിശ്വാസം ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് ചുവടുവെക്കുന്ന നിമിഷത്തെ നാം കാണുന്ന രീതിയെ മാറ്റുന്നു. നമ്മുടെ പ്രത്യാശ മറ്റുള്ളവർക്ക് അവരുടെ സ്വന്തം നഷ്ടകാലത്ത് വലിയ ആശ്വാസം നൽകും. നാം സ്‌നേഹിക്കുന്നവരുടെ വേർപാടിൽ നാം ദുഃഖിക്കുന്നുണ്ടെങ്കിലും, യേശുവിൽ വിശ്വസിക്കുന്നവർ “പ്രത്യാശയില്ലാത്തവരെ” പോലെ ദുഃഖിക്കുന്നില്ല (1 തെസ്സലൊനീക്യർ 4:13). അവനെ അറിയുന്നവരുടെ സമ്പത്താണ് യഥാർത്ഥ പ്രതീക്ഷ.

ഭയത്തിന്റെ കാരണം

ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സ്‌കൂൾ പരിസരത്തുവെച്ച് മുഠാളന്മാരായ കുട്ടികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും എന്നെപ്പോലുള്ള കുട്ടികൾ ആ ഭീഷണികളോട് എതിർത്തു നിൽക്കാതെ കീഴടങ്ങുകയുമാണ് ചെയ്തിരുന്നത്. ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ, അതിലും മോശമായ ഒന്ന് ''നീ പേടിച്ചുപോയി അല്ലേ? നിനക്ക് എന്നെ പേടിയാണ്, അല്ലേ? നിന്നെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല'' എന്നിങ്ങനെയുള്ള അവരുടെ പരിഹാസങ്ങൾ ആയിരുന്നു.

വാസ്തവത്തിൽ, ആ സമയങ്ങളിൽ മിക്കതും ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു- അതിനു കാരണമുണ്ടായിരുന്നു പണ്ട് ഒരു ഇടി കിട്ടിയതിനാൽ, ഇനി അത് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, ഞാൻ ഭയത്താൽ വിറയ്ക്കുമ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും, ആരെ വിശ്വസിക്കാൻ കഴിയും? നിങ്ങൾക്ക് എട്ട് വയസ്സുള്ളപ്പോൾ, മുതിർന്നവനും വലിപ്പവും ശക്തിയും ഉള്ളവനുമായ ഒരു കുട്ടി ഭീഷണിപ്പെടുത്തുമ്പോൾ, ഭയം ന്യായമാണ്.

ദാവീദ് ആക്രമണത്തെ അഭിമുഖീകരിച്ചപ്പോൾ, ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് അവൻ പ്രതികരിച്ചത് - കാരണം ആ ഭീഷണികളെ താൻ ഒറ്റയ്ക്കല്ല നേരിടുന്നതെന്ന് അവനറിയാമായിരുന്നു. അവൻ എഴുതി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (സങ്കീർത്തനം 118:6). ഒരു കുട്ടിയെന്ന നിലയിൽ, ദാവീദിന്റെ ആത്മവിശ്വാസത്തിന്റെ നിലവാരം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, ഒരു മുതിർന്നയാൾ എന്ന നിലയിൽ, ഭയപ്പെടുത്തുന്ന ഏതൊരു ഭീഷണിയേക്കാളും ക്രിസ്തു വലിയവനാണെന്ന് വർഷങ്ങളോളം അവനോടൊപ്പം നടന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കി.

ജീവിതത്തിൽ നാം നേരിടുന്ന ഭീഷണികൾ യഥാർത്ഥമാണ്. എന്നാലും നാം ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മോടൊപ്പമുണ്ട്, അവൻ ആവശ്യത്തിലധികം കരുത്തുള്ളവൻ ആണ്.

ദയവായി നിശബ്ദമായിരിക്കുക

വെസ്റ്റ്് വിർജീനിയയിലെ ഗ്രീൻ ബാങ്ക്, പരുക്കനായ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ചെറിയ പ്രദേശമാണ്. ഈ നഗരം ഒരു കാര്യത്തിലൊഴികെ പ്രദേശത്തെ മറ്റ് ഡസൻ കണക്കിന് ചെറിയ പട്ടണങ്ങളുമായി സാമ്യമുള്ളതാണ്. 142 നിവാസികളിൽ ആർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതാണ് ആ വ്യത്യാസം. സമീപത്തുള്ള ഗ്രീൻ ബാങ്ക് ഒബ്‌സർവേറ്ററിയുടെ പ്രവർത്തനത്തെ വൈ-ഫൈ അല്ലെങ്കിൽ സെല്ലുലാർ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ തടയാതിരിക്കുന്നതിനാണ് ഇത്. കാരണം അതിന്റെ ടെലിസ്‌കോപ്പ് ആകാശത്ത് നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. തൽഫലമായി, വടക്കേ അമേരിക്കയിലെ ഏറ്റവും സാങ്കേതികമായി നിശബ്ദമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ ബാങ്ക്.

ചിലപ്പോൾ ശാന്തതയാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം-പ്രത്യേകിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ. തന്റെ പിതാവുമായി സംസാരിക്കാൻ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലങ്ങളിലേക്ക് പിൻവാങ്ങിക്കൊണ്ട് യേശു തന്നെ ഇതിനു മാതൃക കാണിച്ചു. ലൂക്കൊസ് 5:16 ൽ നാം വായിക്കുന്നു, “അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” ഒരുപക്ഷേ താക്കോൽ പദം കൊണ്ടിരുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ പതിവ് സമ്പ്രദായമായിരുന്നു, ഇത് നമുക്ക് ഉത്തമ മാതൃകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവിനെ ആശ്രയിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നമുക്ക് അവനെ എത്രയധികം ആവശ്യമാണ്!

ദൈവത്തിന്റെ സാന്നിധ്യത്തിൽ നവോന്മേഷം പ്രാപിക്കാൻ ശാന്തമായ ഒരു സ്ഥലത്തേക്ക് മടങ്ങുന്നത് അവന്റെ നവീകരണ ശക്തിയിൽ മുന്നോട്ട് പോകാൻ നമ്മെ സജ്ജരാക്കുന്നു. അത്തരമൊരു സ്ഥലം ഇന്ന് നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?

യാഗത്തെ അനുസ്മരിക്കുക

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.

നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.

അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ.

കഥ പറയുക

യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു-സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും.

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്സമനെയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, ''ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.''

യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ... ' (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവെക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? 'ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു' (വാ. 3).

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ ലൗകികമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും.

ഞാൻ മണിമുഴക്കം കേട്ടു

ഹെൻറി വാഡ്‌സ്‌വർത്ത് ലോംഗ്‌ഫെല്ലോയുടെ 1863 ലെ കവിതയെ അടിസ്ഥാനമാക്കിയുള്ള “ക്രിസ്മസ് ദിനത്തിൽ ഞാൻ മണിമുഴക്കം കേട്ടു’’ എന്നത് അസാധാരണമായ ഒരു ക്രിസ്മസ് ഗാനമാണ്. പ്രതീക്ഷിച്ച ക്രിസ്മസ് സന്തോഷത്തിനും ഉന്മേഷത്തിനും പകരം, ഈ വരികൾ ഒരു വിലാപം രൂപപ്പെടുത്തുന്നു: “നിരാശയോടെ ഞാൻ തല കുനിച്ചു / ഭൂമിയിൽ സമാധാനമില്ലെന്ന് ഞാൻ പറഞ്ഞു / വെറുപ്പ് ശക്തമാണ്, ഭൂമിയിൽ ദൈവപ്രസാദമുള്ള / മനുഷ്യർക്കു സമാധാനം എന്ന ഗാനം പരിഹസിക്കപ്പെടുന്നു.’’ എന്നിരുന്നാലും, ഈ വിലാപം പ്രതീക്ഷയിലേക്ക് നീങ്ങുന്നു, “ദൈവം മരിച്ചിട്ടില്ല, അവൻ ഉറങ്ങുന്നുമില്ല / തെറ്റ് പരാജയപ്പെടും, ശരി വിജയിക്കും / ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” 

വിലാപത്തിൽ നിന്നുയരുന്ന പ്രത്യാശയുടെ മാതൃക ബൈബിളിലെ വിലാപ സങ്കീർത്തനങ്ങളിലും കാണാം. അതുപോലെ, സങ്കീർത്തനക്കാരൻ സങ്കീർത്തനം 43 ആരംഭിക്കുന്നത്, തന്നെ ആക്രമിക്കുന്ന ശത്രുക്കളെക്കുറിച്ചും (വാ. 1) തന്നെ മറന്നതായി തോന്നുന്ന തന്റെ ദൈവത്തെക്കുറിച്ചും (വാ. 2) നിലവിളിച്ചുകൊണ്ടാണ്. എന്നാൽ ഗായകൻ തന്റെ വിലാപത്തിൽ തുടരുന്നില്ല - തനിക്ക് പൂർണ്ണമായി മനസ്സിലാകാത്തതും എന്നാൽ താൻ ആശ്രയിക്കുന്നതുമായ ദൈവത്തെ നോക്കി അവൻ പാടുന്നു, “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും’’ (വാ. 5).

വിലാപത്തിനുള്ള കാരണങ്ങളാൽ ജീവിതം നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും അവ പതിവായി അനുഭവിക്കുന്നു. പക്ഷേ, ആ വിലാപം നമ്മെ പ്രത്യാശയുടെ ദൈവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ അനുവദിക്കുകയാണെങ്കിൽ, നമുക്ക് സന്തോഷത്തോടെ പാടാൻ കഴിയും - നമ്മുടെ കണ്ണുനീരിലൂടെ നാമതു പാടുന്നതെങ്കിലും.

സോക്രട്ടിക് ക്ലബ്ബ്

1941 ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ സോക്രട്ടിക് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. യേശുവിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും അജ്ഞേയവാദികളും തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് രൂപീകരിച്ചത്.

ഒരു മതേതര സർവ്വകലാശാലയിലെ മതപരമായ സംവാദങ്ങൾ അസാധാരണമല്ല, എന്നാൽ ആശ്ചര്യപ്പെടുത്തുന്നത്, പതിനഞ്ച് വർഷം സോക്രട്ടിക് ക്ലബ്ബിന്റെ അധ്യക്ഷനായിരുന്നത് ആരായിരുന്നു എന്നതാണ് - മഹാനായ ക്രിസ്തീയ പണ്ഡിതൻ സി. എസ്. ലൂയിസ്. തന്റെ ആശയങ്ങൾ പരീക്ഷിക്കപ്പെടാൻ ആഗ്രഹിച്ച ലൂയിസ്, ക്രിസ്തുവിലുള്ള വിശ്വാസം ഏതു വലിയ സൂക്ഷ്മപരിശോധനയെയും അതിജീവിക്കുമെന്നു വിശ്വസിച്ചു. യേശുവിൽ വിശ്വസിക്കുന്നതിന് വിശ്വസനീയവും യുക്തിസഹവുമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ഒരർത്ഥത്തിൽ ലൂയിസ്, പീഡ നിമിത്തം ചിതറിപ്പോയ വിശ്വാസികളോടുള്ള പത്രൊസിന്റെ ഉപദേശം പ്രയോഗിക്കുകയായിരുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ’’ (1 പത്രൊസ് 3:15). പത്രൊസ് രണ്ട് പ്രധാന ആശയങ്ങൾ ഉന്നയിക്കുന്നു: ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയ്ക്കു നമുക്ക് നല്ല കാരണങ്ങളുണ്ട്, നമ്മുടെ ന്യായവാദം “സൌമ്യതയും ഭയഭക്തിയും പൂണ്ടു’’ അവതരിപ്പിക്കണം.

ക്രിസ്തുവിൽ വിശ്വസിക്കുന്നത് മതപരമായ ഒളിച്ചോട്ടമോ ശുഭപ്രതീക്ഷയുടെ ചിന്തയോ അല്ല. യേശുവിന്റെ പുനരുത്ഥാനവും, അതിന്റെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന സൃഷ്ടിയുടെ തെളിവുകളും ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകളിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനത്തിലും ആത്മാവിന്റെ ശക്തിയിലും നാം ആശ്രയിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ പങ്കുവെക്കാൻ നമുക്ക് തയ്യാറാകാം.

കോപത്തിന്റെ ഹൃദയം

പാബ്ലോ പിക്കാസോയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പെയ്ന്റിംഗായ ഗുവെർണിക്ക, ആ പേരിലുള്ള ഒരു ചെറിയ സ്പാനിഷ് നഗരം 1937 ൽ നശിപ്പിക്കപ്പെട്ടതിന്റെ ആധുനിക ചിത്രീകരണമായിരുന്നു. സ്പാനിഷ് വിപ്ലവത്തിലും രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള കുതിപ്പിലും, നാസി ജർമ്മനിയുടെ വിമാനങ്ങൾ ബോംബിംഗ് പരിശീലനത്തിനായി നഗരം ഉപയോഗിക്കാൻ സ്‌പെയിനിലെ ദേശീയ ശക്തികൾ അനുവദിച്ചു. ഈ വിവാദ ബോംബാക്രമണങ്ങൾ നിരവധി ജീവനുകൾ അപഹരിച്ചു, സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ബോംബാക്രമണം നടത്തുന്നതിന്റെ അധാർമ്മികതയെക്കുറിച്ച് ആശങ്കയുള്ള ഒരു ആഗോള സമൂഹത്തിന്റെ ശ്രദ്ധ അവിടേക്കാകർഷിക്കപ്പെട്ടു. പിക്കാസോയുടെ പെയിന്റിംഗ് ലോകത്തിന്റെ ഭാവനകളെ ആകർഷിക്കുകയും പരസ്പരം നശിപ്പിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉത്തേജനം പകരുകയും ചെയ്തു.

ഒരിക്കലും മനഃപൂർവം രക്തം ചൊരിയുകയില്ലെന്ന് ഉറപ്പുള്ള നാം, യേശുവിന്റെ വാക്കുകൾ നാം ഓർക്കണം, “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്‌നിനരകത്തിനു യോഗ്യനാകും” (മത്തായി 5:21-22). ഒരിക്കലും കൊലപാതകം യഥാർത്ഥ ചെയ്യാതെ തന്നെ ഹൃദയം കൊലപാതക ചിന്തയുള്ളതാകാം.

മറ്റുള്ളവരോടുള്ള അനിയന്ത്രിതമായ കോപം നമ്മെ വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നിയന്ത്രിക്കാനും നമുക്ക് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്, അങ്ങനെ നമ്മുടെ മാനുഷിക പ്രവണതകളെ ആത്മാവിന്റെ ഫലം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയും (ഗലാത്യർ 5:19-23). അപ്പോൾ, സ്‌നേഹവും സന്തോഷവും സമാധാനവും നമ്മുടെ ബന്ധങ്ങളുടെ അടയാളമാക്കാൻ കഴിയും.

ഭവനം പണിയുന്നു

19 -ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെ ഏറ്റവും മോഹിപ്പിക്കുന്ന സ്വകാര്യ ഭവന നിർമ്മാണം നടന്നത്. 12 വർഷമെടുത്താണ് മഹാരാജാ സയാജിറാവു ഗെയ്ക് വാദ് മൂന്നാമന്റെ രാജകീയ ഭവനത്തിന്റെ നിർമ്മാണം പൂർത്തിയായത്. അതാണ് ഗുജറാത്തിലെ വഡോദരയിലെ ലക്ഷ്മിവിലാസ് കൊട്ടാരം. ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ ഏതാണ്ട് നാലിരട്ടി വലിപ്പമുള്ള ഈ കൊട്ടാരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭവനം. 500 ഏക്കറിലായി 170 മുറികൾ ഉള്ള ഇതിന്റെ മനോഹരമായ മൊസൈക് തറയും ബഹുശാഖാ ദീപങ്ങളും കലാശില്പങ്ങളും ഗോവണികളും ആകർഷകങ്ങളാണ്.

മത്തായി 16 ൽ, യേശു തന്റെ ശിഷ്യന്മാരോട് പണിയുമെന്ന് പറഞ്ഞ നിർമ്മിതിയുമായി താരതമ്യപ്പെടുത്തിയാൽ ഈ ഗംഭീര ഭവനം ഒന്നുമല്ല. യേശു "ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" എന്ന് പത്രോസ് സ്ഥിരീകരിച്ചതിനുശേഷം (വാ. 16), “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു." (വാ.18) എന്ന് യേശു പ്രഖ്യാപിച്ചു. ഈ പാറ എന്താണ് എന്ന കാര്യത്തിൽ വേദശാസ്ത്രികൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യേശുവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് യാതൊരു തർക്കവുമില്ല. ഭൂലോകത്തിൽ എങ്ങുമുള്ള സകല രാജ്യങ്ങളിൽ നിന്നുമുള്ള ജനതകളെ ഉൾപ്പെടുത്തിക്കൊണ്ട് (വെളിപ്പാട് 5 : 9),ലോകത്തിന്റെ അറ്റത്തോളം എത്തുവാൻ തന്റെ സഭയെ അവിടുന്ന് പണിയും (മത്തായി 28:19, 20).

ഈ നിർമ്മാണ പദ്ധതിയുടെ വില എന്താണ്? കുരിശിൽ യേശു യാഗമായി അർപ്പിച്ച സ്വന്തരക്തം (അപ്പ.പ്രവൃത്തി 20:28).അവിടുത്തെ മന്ദിരത്തിന്റെ അംഗങ്ങൾ (എഫെസ്യർ 2:21) എന്ന നിലയിൽ ഇത്ര വലിയ വില കൊടുത്ത് വാങ്ങിയ നമുക്ക് ഈ വലിയ സ്നേഹബലിയെ ആഘോഷിക്കുകയും ആ മഹാദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്യാം.

ഇറങ്ങാനുള്ള സ്ഥലം

മാൻ കുടുംബത്തിലെ അംഗമായ ഇംപാലയ്ക്ക് പത്തടി ഉയരത്തിലും മുപ്പതടി ദൂരത്തിലും വരെ ചാടാൻ കഴിയും. ഇത് അവിശ്വസനീയമായ ഒരു നേട്ടമാണ്, ആഫ്രിക്കൻ വനത്തിലെ അതിജീവനത്തിന് ഇത് അനിവാര്യമാണ്. എന്നിരുന്നാലും, മൃഗശാലകളിൽ കാണപ്പെടുന്ന പല ഇംപാലകളെയും വെറും മൂന്നടി ഉയരമുള്ള മതിൽക്കെട്ടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്രയും കായികശേഷിയുള്ള ഈ മൃഗങ്ങളെ എങ്ങനെ ഇത്രയും ഉയരം കുറഞ്ഞ മതിലിനുള്ളിൽ സൂക്ഷിക്കാൻ കഴിയും? ഇത് പ്രവർത്തിക്കുന്നതിന്റെ കാരണം, എവിടേക്കാണ് ചാടിവീഴുന്നതെന്നു കാണാൻ കഴിയാതെ ഇംപാലകൾ ഒരിക്കലും ചാടുകയില്ല. മറുവശത്ത് എന്താണെന്ന് കാണാൻ കഴിയാത്തതിനാൽ അവ ചുവരുകൾക്കുള്ളിൽ തന്നെ കഴിയുന്നു.

മനുഷ്യരായ നമ്മളും വ്യത്യസ്തരല്ല. മുന്നോട്ടു പോകുന്നതിനു മുമ്പ് ഒരു സാഹചര്യത്തിന്റെ ഫലം അറിയാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിശ്വാസജീവിതം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. കൊരിന്തിലെ സഭയ്ക്ക് എഴുതുമ്പോൾ പൗലൊസ് അവരെ ഓർമ്മിപ്പിച്ചു, “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്’’ (2 കൊരിന്ത്യർ 5:7).

“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’’ (മത്തായി 6:10) എന്നു പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ അതിനർത്ഥം നമുക്ക് അവന്റെ ഫലങ്ങൾ മുൻകൂട്ടി അറിയാമെന്നല്ല. വിശ്വാസത്താൽ ജീവിക്കുക എന്നതിനർത്ഥം ആ ഉദ്ദേശ്യങ്ങൾ നിഗൂഢതയിൽ മറഞ്ഞിരിക്കുമ്പോഴും അവന്റെ നല്ല ഉദ്ദേശ്യങ്ങളിൽ വിശ്വസിക്കുക എന്നതാണ്.

ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ, നമുക്ക് അവന്റെ അചഞ്ചലമായ സ്‌നേഹത്തിൽ വിശ്വസിക്കാം. ജീവിതം നമുക്കു നേരെ കൊണ്ടുവരുന്നതെന്തായാലും, “അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9).